‘തീവണ്ടിയുടെ ഭിത്തിയിലും ശൗചാലങ്ങളിലും കമന്റിട്ടിരുന്നവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കമന്റിടുന്നത്’; രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കട്ടെയെന്ന് പി എസ് സഞ്ജീവ്
ഇടതുപക്ഷ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാപകമായ വ്യാജപ്രചാരണങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കോൺഗ്രസ്, മുസ്ലിം ലീഗ്, സംഘപരിവാർ കൂട്ടുകെട്ടുകൾ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് അങ്ങേയറ്റം നീചമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രസ്താവന നടത്തി എന്ന നിലയിൽ വ്യാജ എഐ പോസ്റ്ററുകൾ പ്രചരിപ്പിച്ചതായി സഞ്ജീവ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നിൽ ഭൂരിഭാഗവും ലീഗ്-കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റിന്റെ ഭാര്യ കെഎസ്ആർടിസി ബസ് തകർത്തു എന്ന തരത്തിലുള്ള നുണപ്രചാരണങ്ങളും മുൻപ് നടന്നിട്ടുണ്ട്.
മുൻപ് ട്രെയിൻ ഭിത്തികളിലും പൊതു ശൗചാലയങ്ങളിലും കണ്ടിരുന്ന അശ്ലീല വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ നേതാക്കൾക്കെതിരെ പ്രയോഗിക്കുന്നതെന്ന് സഞ്ജീവ് വിമർശിച്ചു. കെ.എം സച്ചിൻ ദേവ്, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ മാത്രമല്ല, മനോരമ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളും ഇടതുപക്ഷ നേതാക്കളുടെ വിവാഹം പോലുള്ള സ്വകാര്യ വിഷയങ്ങളിൽ മനുഷ്യത്വ രഹിതമായ നിലയിലാണ് റിപ്പോർട്ടിംഗ് നടത്തുന്നതെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി.
ഇത്തരം സൈബർ ആക്രമണങ്ങളെ ഇനി കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപരമായ എന്ത് വിമർശനത്തെയും നേരിടാൻ തയ്യാറാണെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഇനിയും സഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.