Select Location
All Locations
State
Region
City / District
അന്ന് എൻഎച്ച് 66ൽ ബൈക്കുകളും ഓട്ടോകളും അനുവദിക്കണമെന്ന് നിലപാട്, ഇന്ന് വി ഡി സതീശന്റെ ‘ഉൾട്ട’ കളി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

അന്ന് എൻഎച്ച് 66ൽ ബൈക്കുകളും ഓട്ടോകളും അനുവദിക്കണമെന്ന് നിലപാട്, ഇന്ന് വി ഡി സതീശന്റെ ‘ഉൾട്ട’ കളി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഒരൊറ്റ ചിരിയിലൂടെയാണ് വി ഡി സതീശൻ കേരളത്തിന്റെ പൂക്കി സിഎമ്മായി സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുയ‍ർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു വി ഡി സതീശന്റെ പൂക്കി സ്മൈൽ. ജെൻസികളുടെ പ്രതീക്ഷയായാണ് ആ സ്മൈലിനെ സോഷ്യൽ മീഡിയ കൊണ്ടാടിയത്. എന്നാൽ മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി ഡി സതീശൻ വിമ‍ർശിച്ച പലതും ഇപ്പോൾ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്.

മുൻപ് രാമനാട്ടുകരമുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും സുരക്ഷയോടനുബന്ധിച്ച് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശൻ ഇതിനെ വിമ‍ർശിക്കുകയായിരുന്നു. ബൈക്കുകാരന്റെയും ഓട്ടോറിക്ഷക്കാരന്റെയും പണം വാങ്ങിയാണ് ബൈപ്പാസ് നി‍ർമിച്ചിരിക്കുന്നതെന്നായിരുന്നു സതീശന്റെ അന്നത്തെ നിലപാട്. എന്നാലിപ്പോൾ യാതൊരു നിലപാടും കാത്തുസൂക്ഷിക്കാതെ നിയമം നടപ്പിലാക്കുകയാണ് യുഡിഎഫ് സ‍ർക്കാരും വി ഡി സതീശനും.

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ്. നേരത്തേ നിരോധനമുണ്ടെങ്കിലും ഇപ്പോഴാണത് കർശനമാക്കുന്നത്. നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ മാധ്യമങ്ങളോട് പറഞ്ഞു. ആളുകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

എന്തൊക്കെ തന്നെയായാലും വി ഡി സതീശൻ അന്ന് വിമ‍ർശിച്ചതും ഇപ്പോൾ നടപ്പിലാക്കുന്നതും സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളായി കൊണ്ടിരിക്കുകയാണ്. നാല് വോട്ടുകൾ കൂടുതൽ നേടാൻ എന്തുംവിളിച്ചു പറയുന്ന സതീശന്റെ ഈ നിലപാടിന് ഏറ്റവും വലിയ ഉദാഹരണമാണ് എൻ എച്ച് 66ലെ ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും പ്രവേശനവും നിരോധനവും.

Source : Kairali News

1 hour ago

Home Flash News