Select Location
All Locations
State
Region
City / District
ഓപ്പറേഷന്‍ സിന്ദൂര്‍ ഉപരോധം: തുര്‍ക്കി കമ്പനിക്ക് ഒറ്റ ദിവസം നഷ്ടമായത് 500 മില്യണ്‍ ഡോളര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഉപരോധം: തുര്‍ക്കി കമ്പനിക്ക് ഒറ്റ ദിവസം നഷ്ടമായത് 500 മില്യണ്‍ ഡോളര്‍

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് സൈന്യത്തിന് സഹായം നല്‍കിയ തുര്‍ക്കി കമ്പനികള്‍ക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. പാകിസ്ഥാന് പിന്തുണ നല്‍കിയതില്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തുര്‍ക്കി കമ്പനി സെലിബി എവിയേഷന്റെ സുരക്ഷാ അനുമതി കേന്ദ്രം റദ്ദാക്കിയിരുന്നു. ഇതോടെ ഒരു ദിവസം 500 മില്യണ്‍ ഡോളറിന്റെ (ഏകദേശം 47,12,49,25,000 രൂപ) നഷ്ടം സംഭവിച്ചതായി കമ്പനി ചെയര്‍പേഴ്‌സണ്‍ കാനന്‍ സെലിബിയോഗ്ലു അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഭാരതത്തിന്റെ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. തുര്‍ക്കി ഇതില്‍ ഭാരതത്തിനെതിരെ രംഗത്തെത്തുകയും പാകിസ്ഥാന് സൈനിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ടര്‍ക്കിഷ് കമ്പനികളുമായുള്ള സഹകരണം ഭാരതം റദ്ദാക്കിയത്. രാജ്യത്തെ ഗ്രൗണ്ട് ഹാന്‍ഡിലിങ് രംഗത്തെ പ്രമുഖ കമ്പനിയായിരുന്നു സെലെബീ. 17 വര്‍ഷംകൊണ്ട് ഭാരതത്തില്‍ കെട്ടിപ്പടുത്ത ബിസിനസുകളാണ് ഒറ്റദിവസംകൊണ്ട് നഷ്ടമായത്. ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയടക്കം ഒമ്പത് വിമാനത്താവളങ്ങളില്‍ സെലബീ പ്രവര്‍ത്തിച്ചിരുന്നു. പ്രതിവര്‍ഷം 58,000 വിമാനങ്ങള്‍ വരെ ഭാരതത്തില്‍ കമ്പനി കൈകാര്യം ചെയ്തിട്ടുണ്ട്. ഭാരതം പെട്ടന്ന് കരാര്‍ റദ്ദാക്കിയതോടെ 10,000 ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റേണ്ടി വന്നു. 40-50 കോടി ഡോളറുണ്ടായിരുന്ന കമ്പനിമൂല്യം ഒറ്റദിവസം കൊണ്ട് പൂജ്യത്തിലേക്കെത്തി, സെലിബിയോഗ്ലു പറഞ്ഞു.

ഇതിനെതിരെ ദല്‍ഹി സെലെബി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജ്യതാത്പര്യത്തിനും സുരക്ഷയ്‌ക്കുമാണ് മുന്‍ഗണന എന്നറിയിച്ച് ഹര്‍ജി തള്ളി. ഒരു ദിവസം കൊണ്ടാണ് സെലബിയുടെ എവിയേഷന്‍ ബിസിനസ് തകര്‍ന്നടിഞ്ഞത്. ബിസിനസിലെ വെല്ലുവിളികളെ കുറിച്ച് ധാരണയുണ്ടെങ്കിലും ഇത്തരത്തിലൊരു നടപടി അപ്രതീക്ഷിതമായിരുന്നു, സെലിബിയോഗ്ലു കൂട്ടിച്ചേര്‍ത്തു.

Source : Janmabhumi

2 hours ago

Home Flash News