Select Location
All Locations
State
Region
City / District
യു.ഡി.എഫ് സർക്കാറിൻ്റെ സംഘ്പരിവാർ ദാസ്യം വി.സിമാർ ചൂഷണം ചെയ്യുന്നു

യു.ഡി.എഫ് സർക്കാറിൻ്റെ സംഘ്പരിവാർ ദാസ്യം വി.സിമാർ ചൂഷണം ചെയ്യുന്നു; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എൽ

ആർ.എസ്.എസിനോടും ബി.ജെ.പിയോടുമുള്ള വി.ഡി സതീശൻ സർക്കാരിൻ്റെ അടുപ്പവും വിധേയത്വവും വൈസ് ചാൻസലർമാർ അടക്കമുള്ള സർവ്വകലാശാല മേധാവികൾ ചൂഷണം ചെയ്യുകയാണെന്നും വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണത്തിന് ഇവർ ആസൂത്രിതമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഐ.എൻ.എൽ

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സർസംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുത്ത വേദിയിലേക്ക് കേരള വാഴ്സിറ്റി വി.സി മോഹനൻ കുന്നുമ്മലും എം.ജി വാഴ്സിറ്റി വി.സി ഡോ: മാവൂത്തും മലയാളം സർവകലാശാല വി.സി സി.ആർ പ്രസാദും മുഖ്യാതിഥികളായി കയറിച്ചെന്നത് മതേതര സമൂഹത്തോടുള്ള നഗ്നമായ വെല്ലുവിളിയാണ്. ആർ.എസ്.എസ് ശിഷ്യന്മാരായ ഇവർ കലാലയാന്തരീക്ഷം കാവിമയമാക്കാൻ എവിടംവരെ പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് ഐഎൻഎൽ പുറത്തുവിട്ട് പ്രസ്താവനയിൽ പറയുന്നു.

ബി.ജെ.പി സർക്കാരിൻ്റെ ദിവാന്മാരായി വാഴുന്ന ഗവർണർമാർ മുഖേനയാണ് സംഘ് അനുകൂലികളായ വി.സിമാർ നിയമിക്കപ്പെടുന്നത്. വി.സിമാരുടെ നടപടിയോട് പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ അവരോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത് കൗതുകകരമായി തോന്നുന്നു, ആർ.എസ്.എസ് താത്വികാചാര്യനായിരുന്ന ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ കുനിഞ്ഞു നിന്ന് ആദരമർപ്പിക്കുന്ന സതീശൻ്റെ ഫോട്ടോ ഇപ്പോഴും പലയിടത്തും തൂങ്ങി കിടപ്പുണ്ട്. ആർ.എസ്.എസ് ശതാബ്ദി ആഘോഷ വേദിയിലേക്ക് ഔദ്യോഗിക വാഹനത്തിൽ കയറി ചെല്ലാൻ വി.സിമാർക്ക് പ്രചോദനമായത് മുഖ്യമന്ത്രിയുടെ മുൻ നിലപാടായിരിക്കാമെന്നും .

 ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശപ്പെടാറുള്ള മുസ്‌ലിം ലീഗ് ഇതെല്ലാം കണ്ടിട്ടും കൂസലില്ലാതെ അധികാര കസേരയിൽ അള്ളി പിടിച്ചിരിക്കുന്നത് അനുഭവങ്ങളിൽ നിന്ന് പാർട്ടി ഒന്നും പഠിച്ചിട്ടില്ലാ എന്നതിൻ്റെ തെളിവാണ്. ഇതേ പോക്ക് പോയാൽ നമ്മുടെ കലാലയങ്ങളും സാമൂഹികാന്തരീക്ഷവും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നീരാളിപ്പിടിത്തത്തിലമരുകയും കേരളം മറ്റൊരു ഗുജറാത്തോ ബംഗാളോ ആയി മാറുകയും ചെയ്യുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കുതന്ത്രപരമായ മൗനവും പാണക്കാട് തങ്ങളുടെ സംയമനത്തിൽ പൊതിഞ്ഞ രാഷ്ട്രീയ അഭ്യാസങ്ങളും കൊണ്ട് ന്യൂനപക്ഷങ്ങൾക്ക് രക്ഷപ്പെടാനാവില്ലെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

Source : Kairali News

1 hour ago

Home Flash News