Select Location
All Locations
State
Region
City / District
ഐടി ഹബ്ബാണ് കാക്കനാട്; പക്ഷേ രാത്രി 8.30 കഴിഞ്ഞാൽ പുറത്തുകടക്കാൻ കഴിയില്ല

ഐടി ഹബ്ബാണ് കാക്കനാട്; പക്ഷേ രാത്രി 8.30 കഴിഞ്ഞാൽ പുറത്തുകടക്കാൻ കഴിയില്ല

കാക്കനാട് ∙ ഐടി ഹബ്, ജില്ലാ ഭരണകേന്ദ്രം തുടങ്ങിയ വിശേഷണങ്ങളൊക്കെ ഉണ്ടെങ്കിലും രാത്രി 8.30 കഴിഞ്ഞാൽ ഇവിടെ നിന്ന് പുറത്തു കടക്കാൻ പ്രയാസമാണ്. പൊതുഗതാഗത സൗകര്യമില്ലാത്തതാണ് പ്രശ്‌നം. കാക്കനാട് നിന്ന് രാത്രി 11 വരെയെങ്കിലും ബസ് സർവീസ് വേണമെന്നാണ് ആവശ്യം. ഇൻഫോപാർക്ക്, സ്‌മാർട്‌സിറ്റി, പ്രത്യേക സാമ്പത്തിക മേഖല ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിലായി അൻപതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മൂന്നിലൊരു ഭാഗമെങ്കിലും രാത്രിയാത്രക്കാരാണ്. എല്ലായിടത്തും രാത്രി ഷിഫ്റ്റുണ്ട്. പല കമ്പനികളും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കാതെ സ്വന്തം നിലയിൽ ജോലിക്ക് വരാനും തിരികെ പോകാനും താൽപര്യമുള്ളവർക്ക് രാത്രി യാത്രാ സൗകര്യം കുറവാണ്.

സീപോർട്ട് എയർപോർട്ട് റോഡും സിവിൽലൈൻ റോഡും കാക്കനാട് ടൗണിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇതുവഴി രാത്രി ബസ് ഓട്ടം കുറവാണ്. ഐടി മേഖലക്കാർക്ക് ഉൾപ്പെടെ രാത്രി ഇവിടേക്കു വരാനും പോകാനും പൊതുഗതാഗത സൗകര്യമില്ല. അധികൃതർ മനസ്സു വച്ചാൽ ദീർഘദൂര ബസ് സർവീസ് ഉൾപ്പെടെ രാത്രിയിൽ ഇതുവഴി നടത്താവുന്നതേയുള്ളൂവെന്ന് യാത്രക്കാർ പറയുന്നു. സ്ഥിരമായി ബസ് ഓടിയാൽ രാത്രിയിൽ യാത്രക്കാരെ കിട്ടുമെന്നുറപ്പ്. നിലവിൽ കൊച്ചി നഗരത്തിൽ പോയി രാത്രി ദീർഘദൂര ബസ് പിടിക്കുന്ന പലർക്കും പ്രയോജനപ്പെടുന്നതാണ് കാക്കനാട് വഴിയുള്ള ദീർഘദൂര ബസ് സർവീസ്.

ഐടി മേഖലയിൽ പകലും യാത്രാക്ലേശം രൂക്ഷമാണ്. കലക്ടറേറ്റ് ജംക്‌ഷനിൽ ബസ് ഇറങ്ങിയാലും ഇൻഫോപാർക്കിലേക്കും സ്‌മാർട്‌ സിറ്റിയിലേക്കും പകൽ സമയത്തു കാര്യമായ പൊതു ഗതാഗത സൗകര്യമില്ല. ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് പലരുടെയും യാത്ര. കാക്കനാട് ബസ് സ്റ്റാൻഡ് വിപുലീകരിച്ച് ഇവിടം കേന്ദ്രീകരിച്ച് ദീർഘദൂര ബസ് സർവീസ് ഉൾപ്പെടെ കൂടുതൽ പൊതുഗതാഗത സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 24 മണിക്കൂറുമുള്ള യാത്രാസൗകര്യമാണ് ടെക്കികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

Source : Manorama News

1 hour ago

Home Flash News