Select Location
All Locations
State
Region
City / District
കഠിന വേനലിനെ നേരിടാൻ യുഎഇ; ഇന്നു മുതൽ ഈ നിയമങ്ങൾ മാറും!

കഠിന വേനലിനെ നേരിടാൻ യുഎഇ; ഇന്നു മുതൽ ഈ നിയമങ്ങൾ മാറും!

അബുദാബി/ ദുബായ് ∙ കഠിനമായ വേനൽച്ചൂടിൽ നിന്നു തൊഴിലാളികൾക്ക് ആശ്വാസമേകി യുഎഇയുടെ വാർഷിക ഉച്ചവിശ്രമനിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വെയിലത്തു ജോലി ചെയ്യുന്നവർക്കു സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ 22-ാം വർഷമാണു രാജ്യം നയം നടപ്പിലാക്കുന്നത്. സെപ്റ്റംബർ 15 വരെ 3 മാസം നീണ്ടുനിൽക്കുന്ന നിയന്ത്രണം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നു മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

∙പരിശോധന തുടരും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്ന സാഹചര്യത്തിലാണു കരുതൽ നടപടി അധികൃതർ സ്വീകരിക്കുന്നത്. നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

∙ ഇളവുള്ള വിഭാഗം മാറ്റിവയ്ക്കാൻ കഴിയാത്തതും അടിയന്തര സ്വഭാവമുള്ളതുമായ ജോലികൾക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി, ജലവിതരണ ശൃംഖലകളിലെ അറ്റകുറ്റപ്പണികൾ, റോഡ് ടാറിങ് ഉൾപ്പെടെ പൊതുതാൽപര്യമുള്ള അടിയന്തര പ്രവൃത്തികൾ എന്നിവയ്ക്കു പ്രത്യേക അനുമതിയോടെ ജോലി തുടരാം.

∙ ബോധവൽക്കരണം ചൂടുകാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും മുൻകരുതലുകളെയും കുറിച്ചു തൊഴിലാളികളെ ബോധവൽക്കരിക്കണം. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമേ തൊഴിലാളികൾക്കു മനസ്സിലാകുന്ന അവരുടെ ഭാഷയിലും ബോധവൽക്കരണം നടത്തണം.

‌നന്നായി വിശ്രമിക്കാം ദിവസവും ഉച്ചയ്ക്കു 12.30 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കും വിധത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതു നിരോധിച്ചു. പകരം ജോലി സമയം പുലർച്ചെയോ വൈകിട്ടോ ആയി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകി

∙ ലംഘിച്ചാൽ കനത്ത പിഴ നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകും. ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പരമാവധി അര ലക്ഷം ദിർഹം പിഴ ചുമത്തും.

Source : Manorama News

1 hour ago

Home Flash News