Select Location
All Locations
State
Region
City / District
9 എംപിമാരില്‍ യോഗത്തിനെത്തിയത് നാലു പേര്‍; ഇന്ത്യ മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയും പിളര്‍പ്പിലേക്ക്?

9 എംപിമാരില്‍ യോഗത്തിനെത്തിയത് നാലു പേര്‍; ഇന്ത്യ മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയും പിളര്‍പ്പിലേക്ക്?

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത നീക്കത്തിന് പിന്നാലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും ആശങ്ക. എംപിമാര്‍ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉദ്ധവ് താക്കറെ യോഗം വിളിച്ചെങ്കിലും മുഴുവന്‍ എംപിമാരും യോഗത്തിനെത്തിയില്ല. ഒന്‍പത് എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ നാലു പേര്‍ മാത്രമാണ് താക്കറെ കുടുംബത്തിന്‍റെ വസതിയായ മാതോശ്രീയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ ടൈഗറിന്‍റെ ഭാഗമായി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് എംപിമാര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു യോഗം. മൂന്നില്‍ രണ്ട് എംപിമാരും പാര്‍ട്ടി വിടുമെന്നായിരുന്നു വാര്‍ത്ത പരന്നത്. ഇതോടെയാണ് ഉദ്ധവ് താക്കറെ എംപിമാരോട് ശനിയാഴ്ച മുംബൈയിലെത്താന്‍ ആവശ്യപ്പെട്ടത്.

ശനിയാഴ്ച ആദിത്യ താക്കറെയുടെ പിറന്നാളായിരുന്നു. ഇതിനു ശേഷം ഞായറാഴ്ച കൂടി മുംബൈയില്‍ തുടരാന്‍ പാര്‍ട്ടി നേതൃത്വം എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു ദിവസങ്ങളിലും അഞ്ചു എംപിമാര്‍ ഉദ്ധവ് താക്കറയെ കാണാന്‍ എത്തിയില്ല. എന്നാല്‍ അഞ്ചു പേര്‍ ഓണ്‍ലൈനായി യോഗത്തിനെത്തിയെന്നും ഇവര്‍ കൃത്യമായ കാരണം നല്‍കിയതായും ഉദ്ധവ് വിഭാഗം അവകാശപ്പെടുന്നു. ഒന്‍പതു എംപിമാരാണ് ഉദ്ധവ് വിഭാഗത്തിനുള്ളത്. പാർട്ടിയിൽ ഒരു പിളർപ്പ് ഉണ്ടാകണമെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ കുറഞ്ഞത് ആറ് എംപിമാരെങ്കിലും ഒപ്പമുണ്ടാകേണ്ടതുണ്ട്. സമീപദിവസങ്ങളില്‍ ശിവസേന ഉദ്ധവ് വിഭാഗം എംപിമാർ ഷിൻഡെയുമായോ ഷിൻഡെ നയിക്കുന്ന ശിവസേനയിലെ മറ്റ് മുതിർന്ന നേതാക്കളുമായോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് പിളര്‍പ്പെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. ഏപ്രിലിൽ, ഉദ്ധവ് വിഭാഗം എംപിമാരായ നാഗേഷ് അഷ്ടികറും സഞ്ജയ് ദേശ്മുഖും ശിവസേന കേന്ദ്രമന്ത്രി പ്രതാപ് ജാദവിന്‍റെ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

ഓപ്പറേഷൻ ടൈഗർ പൂർത്തിയാകാനായെന്നും ഷിൻഡെ തീരുമാനിക്കുമ്പോള്‍ അത് സംഭവിക്കാമെന്നും കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ് പറഞ്ഞിരുന്നു. ഓപ്പറേഷൻ ടൈഗറിലൂടെയാണ് 2022 ല്‍ ശിവസേന പിളര്‍ന്ന് ഷിന്‍ഡെ വിഭാഗം എന്‍ഡിഎയില്‍ ചേര്‍ന്നത്.

Source : Manorama News

1 hour ago

Home Flash News