Select Location
All Locations
State
Region
City / District
'ചൈനയോടുള്ള യൂറോപ്പിന്റെ അമിത നിഷ്കളങ്കതയുടെ കാലം കഴിഞ്ഞു'; വിപണി തകരുന്നതിന് മുൻപ് കടുത്ത നടപടി വേണമെന്ന് ഇപിപി മേധാവി

'ചൈനയോടുള്ള യൂറോപ്പിന്റെ അമിത നിഷ്കളങ്കതയുടെ കാലം കഴിഞ്ഞു'; വിപണി തകരുന്നതിന് മുൻപ് കടുത്ത നടപടി വേണമെന്ന് ഇപിപി മേധാവി

ബ്രസ്സൽസ്∙ ചൈനയുടെ അമിത ഉൽപാദനവും കുറഞ്ഞ വിലയിലുള്ള കയറ്റുമതിയും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിന് മുൻപ് യൂറോപ്യൻ യൂണിയൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ യൂറോപ്യൻ രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി മേധാവി മാൻഫ്രഡ് വെബർ മുന്നറിയിപ്പ് നൽകി.

ചൈനയുമായുള്ള ബന്ധത്തിൽ യൂറോപ്പ് പുതിയൊരു അധ്യായം തുറക്കേണ്ടതുണ്ടെന്നും, ചൈനയെക്കുറിച്ചുള്ള യൂറോപ്പിന്റെ അമിത നിഷ്കളങ്കതയുടെ കാലം കഴിഞ്ഞെന്നും ജർമൻ മാധ്യമമായ 'ബിൽഡ്'ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ജൂൺ 18-ന് നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായാണ് വെബറുടെ ഈ പ്രതികരണം. ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജ്യങ്ങൾ ചൈനയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് നിലവിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ചൈനയുമായി പ്രതിദിനം ഏതാണ്ട് 100 കോടി യൂറോയുടെ വ്യാപാര കമ്മി യൂറോപ്പിനുണ്ടെന്നും, ഇത് ഇവിടുത്തെ വ്യവസായ അടിത്തറയെയും ലക്ഷക്കണക്കിന് തൊഴിലുകളെയും അപകടത്തിലാക്കുന്നുവെന്നും വെബർ ചൂണ്ടിക്കാട്ടി. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ അധിക നികുതി ഇതിനൊരു ഉദാഹരണമാണെന്നും, ആവശ്യമെങ്കിൽ ഇത്തരം നടപടികൾ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യൂറോപ്യൻ നികുതിപ്പണം ഉപയോഗിച്ചുള്ള വികസന സഹായങ്ങൾ പരോക്ഷമായി ചൈനീസ് കമ്പനികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വെബർ ആവശ്യപ്പെട്ടു. സെനഗലിന് പ്രകൃതിവാതക ബസുകൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ നൽകിയ ധനസഹായം കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ചൈനീസ് കമ്പനി തട്ടിയെടുത്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിമുതൽ യൂറോപ്യൻ വിപണിയിൽ ഉൽപന്നങ്ങൾ വിൽക്കണമെങ്കിൽ ചൈന യൂറോപ്യൻ നിയമങ്ങൾ പാലിച്ചേ മതിയാകൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ADVERTISEMENT

കർശനമായ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അപൂർവ്വ ധാതുക്കളുടെ കയറ്റുമതി തടഞ്ഞുകൊണ്ട് ചൈന തിരിച്ചടിച്ചേക്കാമെന്ന ആശങ്ക ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുണ്ട്. എങ്കിലും, യൂറോപ്യൻ വിപണി ചൈനയ്ക്ക് അത്യാവശ്യമാണെന്നും 'ചൈനയ്ക്ക് നമ്മളെയാണ് ആവശ്യം' എന്ന യാഥാർഥ്യം മുൻനിർത്തി തുല്യമായ മത്സരത്തിനുള്ള സമ്മർദ്ദം ചെലുത്താൻ യൂറോപ്പിന് സാധിക്കുമെന്നും വെബർ കൂട്ടിച്ചേർത്തു.

Source : Manorama News

2 hours ago

Home Flash News