Select Location
All Locations
State
Region
City / District
രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ : രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമ്പന്നമായ ഒരു സംസ്കാരം, നാഗരികത, ശാസ്ത്രജ്ഞാനം എന്നിവ ഉണ്ടായിരുന്നിട്ടും, 1,000 വർഷത്തെ അടിമത്തം സഹിച്ച ഒരു സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ചിന്തിക്കണം, അദ്ദേഹം പറഞ്ഞു. ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

ആയിരം വർഷം അടിമകളാക്കി ഭരിച്ചവർ ഒരു തരത്തിലും നമ്മളെക്കാൾ ശ്രേഷ്ഠരല്ല. അവർ എണ്ണത്തിൽ നമ്മെക്കാൾ കൂടുതലുമായിരുന്നില്ല. വിദൂര ദേശങ്ങളിൽ നിന്ന് വന്നാണ് അവർ നമ്മെ കീഴടക്കിയത്. പൈതൃകവും തനിമയും സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടതാണ് അതിന് കാരണം. അവയെ വിസ്മൃതിയിലേക്ക് വഴുതി വീഴാൻ നമ്മൾ അനുവദിച്ചു. തനിമ നിലനിർത്തുന്നതിനുള്ള തയാറെടുപ്പ് നമുക്ക് നഷ്‌ടപ്പെട്ടു. നമുക്കത് വീണ്ടെടുക്കണം, മോഹൻ ഭാഗവത് പറഞ്ഞു.

 പരിസ്ഥിതികൾ എത്ര പ്രതികൂലം ആണെങ്കിലും സ്വന്തം ബലത്തിൽ വിശ്വാസമർപ്പിക്കുന്നവർക്കാണ് വിജയമെന്ന് തിരിച്ചറിയണം. ശരീരത്തിന്റെയും ബുദ്ധിയുടെയും മനസ്സിന്റെയും വികാസത്തിനുള്ള ജ്ഞാനം ലോകത്തിനുണ്ട്. പക്ഷേ ഇതു മൂന്നിനെയും ഒന്നിച്ച് വികസിപ്പിക്കാനുള്ള ജ്ഞാനം ഇല്ല. ഏതെങ്കിലും ഒന്നിന്റെ വികാസത്തിന് മറ്റു രണ്ടിന്റെയും വികാസത്തെ അടക്കി വയ്ക്കണം എന്ന തത്വമേ ലോകത്തിന് അറിയൂ, അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ലോകത്തിന് ഭാരതത്തെ ആവശ്യമാണ്. ഭാരതീയ കുടുംബ വ്യവസ്ഥയെക്കുറിച്ച് ഇന്ന് ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നമുക്ക് പാരമ്പര്യം ആയിട്ട് കിട്ടിയതും ആണ്. നമ്മുടെ ജീവിതം പ്രകൃതിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സർസംഘചാലക് പറഞ്ഞു.

പശുക്കളും നദികളും എന്നുവേണ്ട സർവ്വതും നമുക്ക് അമ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ പദ്മഭൂഷൺ കുമാരമംഗലം ബിർള മുഖ്യാതിഥിയായി. വർഗ് സർവാധികാരി സർദാർ മഹേന്ദ്രസിങ് മഗ്ഗോ, വിദർഭ പ്രാന്ത സംഘചാലക് ദീപക് റാവു താംശേട്ടീവാർ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ എന്നിവർ വേദിയിൽ സന്നിഹിതരായി. വർഗ് കാര്യവാഹ് കെ.ബി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

Source : Smacy News

1 hour ago

Home Flash News