1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി
മട്ടാഞ്ചേരി: ലക്ഷദ്വീപ് കടമത്ത് ദ്വീപില്‍ ലോകത്തെ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി. 1800 വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന പവിഴപ്പുറ്റ് കോളനിക്ക് 1.05 ഏക്കര്‍ സ്ഥല വിസ്തൃതിയാണുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ലക്ഷദ്വീപ് ഭരണകൂടം വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടത്തുന്ന സമുദ്ര ജൈവ വൈവിധ്യ സര്‍വേയോടനുബന്ധിച്ചുള്ള ഗവേഷണത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജീവനുള്ള പവിഴപ്പുറ്റ് ശേഖരം കണ്ടെത്തിയത്. 4250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റ് കോളനിക്ക് 85 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴമുണ്ട്. ഉരുളക്കിഴങ്ങ് പാച്ച് എന്നറിയപ്പെടുന്ന പാവോണ ക്ലാവസ് ഇനത്തില്‍പ്പെട്ട പവിഴപ്പുറ്റ് കോളനി പുതിയ ലോക റിക്കാര്‍ഡാണ് കുറിച്ചത്. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ചെങ്കടലിലെ 3973 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പവിഴപ്പുറ്റ് കോളനിയാണ് നിലവില്‍ ലോകത്തെ ഏറ്റവും വലുത്. പുതിയ പവിഴപ്പുറ്റ് കോളനിയെ കുറിച്ചുള്ള ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രലോകം.