കേരളത്തിൽ നിന്ന് കുവൈത്തിലേക്ക്: ഒമാന്റെ ആകാശപരിധിയിൽ പ്രവേശിക്കും മുൻപ് ‘സന്ദേശം’, 151 യാത്രക്കാരുമായി തിരികെ
കരിപ്പൂർ ∙ കുവൈത്ത് വിമാനത്താവളത്തിനു സമീപത്തെ ഡ്രോൺ ആക്രമണ വിവരം ലഭിച്ചതോടെ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കുവൈത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുപറന്നു.
ഇന്നലെ രാവിലെ 7.42നു കരിപ്പൂരിൽനിന്ന് 151 യാത്രക്കാരുമായി പറന്നുയർന്ന ഐഎക്സ് 393 വിമാനം 2 മണിക്കൂറും 39 മിനിറ്റും പറന്ന് ഒമാന്റെ ആകാശപരിധിയിൽ എത്തുന്നതിനു മുൻപാണു സന്ദേശം ലഭിച്ചത്. തുടർന്നു തിരിച്ചുപറന്ന് ഉച്ചയ്ക്ക് 12.46നു കരിപ്പൂരിൽ മടങ്ങിയെത്തി.
യാത്രക്കാർ വീടുകളിലേക്കു തിരിച്ചുപോയി. കുവൈത്ത് വിമാനത്താവളം അടച്ചതോടെ തുടർസർവീസുകളും പ്രതിസന്ധിയിലാണ്. ഈ വിമാനം കുവൈത്തിലെത്തി ഇന്നലെ രാത്രി മടങ്ങിയെത്തേണ്ടതായിരുന്നു. വിമാനത്താവളം അടച്ചതോടെ കുവൈത്തിൽനിന്നു കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി.