രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍
തിരുവനന്തപുരം: രാഷ്‌ട്രസ്‌നേഹത്തിന്റെ മാനബിന്ദുക്കളെ പരസ്യമായി അവഹേളിക്കാന്‍ മടിയില്ലാത്തവരുടെ തുരുത്താവുകയാണ് കേരളമെന്ന് ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി. കെ. സജിനാരായണന്‍. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും ദേശീയ ജനജാഗ്രത സദസും ജന നായകര്‍ക്കുള്ള സ്വീകരണവും അയ്യങ്കാളി ഓഡിറ്റോറിയത്തില്‍ (വിജെറ്റി ഹാള്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും യോഗിയും സുവേന്ദുവും അധികാരത്തില്‍ വരുന്നതിനു മുമ്പ് അതാത് സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന സമാനമായ സാഹചര്യവുമാണ് ഇന്ന് കേരളത്തിലുള്ളത്. എല്ലാകാലത്തും രാജ്യവിരുദ്ധ നിലപാടെടുക്കുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ അധ്യക്ഷനായി. ജനവിധിയിലൂടെ നിയമസഭയിലും നഗരസഭയിലും എത്തി പുതുചരിത്രം കുറിച്ച ബിജെപി ജനപ്രതിനിധികള്‍ക്ക് ബിഎംഎസിന്റെ (ഭാരതീയ മസ്ദൂര്‍ സംഘം) ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണവും സ്‌നേഹാദരവും നല്കി. കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്‍, നേമം എംഎല്‍എ രാജീവ് ചന്ദ്രശേഖര്‍, ചാത്തനൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാര്‍, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ് തുടങ്ങിയവരെയാണ് ആദരിച്ചത്.
തലസ്ഥാനത്തെ അയ്യന്‍കാളി ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, തൊഴില്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായല്ല, ജനങ്ങളുടെയും തൊഴിലാളികളുടെയും യഥാര്‍ത്ഥ ശബ്ദമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഈ ചരിത്ര നിയോഗത്തില്‍ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടാകുമെന്നും ബിഎംഎസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ചടങ്ങില്‍ എംഎല്‍എമാരെ ബിഎംഎസ് ഭാരവാഹികള്‍ പൊന്നാടയണിയിച്ചു, ഉപഹാരങ്ങള്‍ സമ്മാനി ച്ചു. സ്‌നേഹാദരവിന് നന്ദി രേഖപ്പെടുത്തിയ എംഎല്‍എമാര്‍, സാധാരണക്കാരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ക്കായി നിയമസഭയ്‌ക്കകത്തും പുറത്തും എപ്പോഴും നിലകൊള്ളുമെന്ന് ഉറപ്പുനല്കി. ബിഎംഎസ് ജില്ലാ, സംസ്ഥാന ഭാരവാഹികളും വിവിധ മേഖലകളിലെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍, കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവരെ ബിഎംഎസ് സംസ്ഥാന കമ്മറ്റി ആദരിച്ചു. ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, ദേശീയ സമിതി അംഗം അഡ്വ. ആശാമോള്‍, ബിഎംഎസ് കേരള സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാര്‍, സംസ്ഥാന ഖജാന്‍ജി സി. ബാലചന്ദ്രന്‍, സംസ്ഥാന ഭാരവാഹികളായ കെ.വി. മധുകുമാര്‍, സി. ജി. ഗോപകുമാര്‍, സോണി സത്യന്‍, ദേവു ഉണ്ണി, ജില്ലാ പ്രസിഡന്റ് റ്റി. രാഖേഷ്, ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.