കുവൈത്ത് നിയന്ത്രണം കടുപ്പിച്ചു; വീട്ടുജോലി 10 രാജ്യക്കാര്‍ക്ക് മാത്രം, 27 രാജ്യങ്ങള്‍ക്ക് നിരോധനം
കുവൈത്ത് സിറ്റി: നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ കുവൈത്ത് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ ഇനി വീട്ടുജോലിക്ക് റിക്രൂട്ട് ചെയ്യാന്‍ സാധിക്കൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നു.
മാത്രമല്ല, 27 രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകൡ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം ആഭ്യന്തര മന്ത്രാലയം എടുത്തിരിക്കുന്നത്. വിദേശം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ വകുപ്പുകളുടെ ശുപാര്‍ശകളാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്ക വേണ്ട. അനുമതിയുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
ദക്ഷിണാഫ്രിക്ക, ബെനിന്‍, എരിത്രിയ, എത്യോപ്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, ഇന്ത്യ, വിയറ്റ്‌നാം, നേപ്പാള്‍, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരെ മാത്രമേ ഇനി റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ. സെനഗലില്‍ നിന്ന് പുരുഷ ജോലിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ സാധിക്കൂ. ഗവര്‍ണറേറ്റുകള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് എന്നും സര്‍ക്കുലറില്‍ പറയുന്നു.
മഡഗാസ്‌കര്‍, ഭൂട്ടാന്‍, കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, മലാവി, ഛാഡ്, ജിബൂത്തി, നൈജര്‍, ഗിനിയ, ഗിനിയ ബിസോ, കബോ വെര്‍ദെ, സിയറ ലിയോണ്‍, ലൈബീരിയ, മാലി, ബുര്‍കിന ഫാസോ, ഗാംബിയ, കാമറൂണ്‍, ഇക്വട്ടോറിയല്‍ ഗിനിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, കോംഗോ, റിപബ്ലിക് ഓഫ് കോംഗോ, റുവാണ്ട, ബുറുണ്ടി, അംഗോള എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതില്‍ ചില രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം അല്ല. വനിതാ ജോലിക്കാര്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ ജോലിക്കാര്‍ക്കാണ് നിരോധനം. എന്താണ് ഇത്തരത്തില്‍ ക്രമീകരണം വരുത്താന്‍ കാരണം എന്ന കാര്യം അവ്യക്തമാണ്. അതേസമയം, ഇബോള വ്യാപിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ തല്‍ക്കാലം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ യാത്രാ നിയന്ത്രണം ഇങ്ങനെ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് പ്രവേശന നിയന്ത്രണം. ഇബോള ഭീഷണിയെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. ജൂണ്‍ 6 മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു.
ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാമധ്യേ ഈ രാജ്യങ്ങളില്‍ ഇറങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റു രാജ്യങ്ങളില്‍ 21 ദിവസം ചെലവഴിച്ചവര്‍ക്ക് പ്രവേശനവും ലഭിക്കും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് നിലവില്‍ നിയന്ത്രണമില്ല. ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാഹചര്യം അധികൃതര്‍ തുടര്‍ച്ചയായി നിരീക്ഷിക്കും.