കാഫിർ സ്‌ക്രീൻഷോട്ട് കേസ്; തനിക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ.കെ ലതിക
കോഴിക്കോട്; കാഫിർ സ്‌ക്രീൻഷോട്ട് എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായി തനിക്ക് ഇതുവരെ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് മുൻ എം.എൽ.എ കെ.കെ ലതിക. ചില മാധ്യമങ്ങൾ തനിക്ക് നോട്ടീസ് നൽകുമെന്ന തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ച് അറിയില്ല. ഒരുപക്ഷെ പോലീസുകാർ ഈ മാധ്യമങ്ങൾക്കായിരിക്കും നോട്ടീസ് നൽകിയിട്ടുണ്ടാവുകയെന്നും കെ.കെ ലതിക പ്രതികരിച്ചു. നോട്ടീസ് ലഭിച്ചാൽ എന്താണെന്ന് പരിശോധിച്ച് പറയാമെന്നും ലതിക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്.ഐ.ടി ഉദ്യോഗസ്ഥർ സന്ദേശം പ്രചരിപ്പിച്ച മുന്നുപേരെ ചോദ്യം ചെയ്തത്. ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, അമ്പാടിമുക്ക് സഖാക്കൾ ഫെയ്‌സ്ബുക്ക് പേജ് അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത അമൽറാം എന്നിവരെയാണ് കൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി. മനോഹരന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചോദ്യംചെയ്തത്. ഇവർ മൂന്നുപേരും നിലവിൽ കേസിൽ സാക്ഷികളാണ്. മുമ്പ് ലോക്കൽ പോലീസ് ഇവരിൽനിന്നും മൊഴിയെടുത്തിരുന്നു. ഇവർ സന്ദേശം പോസ്റ്റ് ചെയ്തതിന്റെ ശാസ്ത്രീയതെളിവ് പ്രത്യേക അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കെ.കെ.ലതികയുടെ ഫെയ്സ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ ലതികയെയും ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്. നേരത്തേ പോലീസ് നടത്തിയ അന്വേഷണത്തിൽ പോരാളി ഷാജി ഫെയ്‌സ്ബുക്ക് പേജ്, അമ്പാടിമുക്ക് സഖാക്കൾ പേജ്, റെഡ് ബറ്റാലിയൻ വാട്‌സാപ്പ് ഗ്രൂപ്പ്, റെഡ് എൻകൗണ്ടേഴ്‌സ് ഗ്രൂപ്പ് എന്നിവയിൽ ഈ സന്ദേശം വന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് സന്ദേശം പോസ്റ്റ് ചെയ്തവരായ വഹാബ്, മനീഷ് അമൽറാം, റിബേഷ് എന്നിവരുടെ മൊഴിയെടുത്ത് കേസിൽ സാക്ഷികളാക്കി. റിബേഷിന് സന്ദേശം കിട്ടിയത് വടകര സ്‌ക്വാഡ് വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ ജിതിൻ ഭാസ്‌കർ വഴിയാണെന്ന് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തി.സന്ദേശത്തിന്റെ ഉറവിടത്തിലേക്ക് അന്വേഷണസംഘം വഴി തുറന്നതായാണ് സൂചന. കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.