Select Location
All Locations
State
Region
City / District
‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരെ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരെ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ആക്രമണങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേൽ ഈ പോരാട്ടത്തിൽ ഒറ്റപ്പെട്ടേക്കാം എന്ന് നെതന്യാഹുവിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി.

ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുന്നത് ഇസ്രായലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും, മേഖലയിൽ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സംഘർഷങ്ങളെത്തുടർന്ന് ഇറാൻ ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ട സാഹചര്യത്തിലായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം.

'ബിബി, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം, കാരണം, ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ വൈകാതെ ഒറ്റപ്പെട്ടേക്കാം.' എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്താൻ അഞ്ച് പ്രാദേശിക രാജ്യങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ഇറാനു നേരെയുള്ള ഇസ്രയേലിന്റെ തിരിച്ചടിയുടെ വ്യാപ്തി കുറയ്ക്കാൻ താൻ ശ്രമിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. ഇസ്രയേൽ വിമാനങ്ങൾ ഇറാനിലേക്ക് പുറപ്പെട്ടുകഴിഞ്ഞ ശേഷം, ഞായറാഴ്ച വൈകീട്ടാണ് ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹു തന്നെ അറിയിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് അമേരിക്ക താൽപ്പര്യപ്പെടുന്നതെങ്കിലും, ഇസ്രയേലിന്റെ ആത്മരക്ഷാർത്ഥമുള്ള നടപടികളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ പൂർണമായ അവകാശമുണ്ടെന്നും ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും നെതന്യാഹു തന്റെ ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി. 'സുഹൃത്തായ പ്രസിഡന്റ് ട്രംപിനോടുള്ള ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് ഞാൻ ഇത് പറയുന്നത്.' എന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണങ്ങൾ നിർത്തണമെന്ന ട്രംപിന്റെ പരസ്യമായ ആഹ്വാനത്തെത്തുടർന്ന് തിങ്കളാഴ്ച ഇരുപക്ഷവും താൽക്കാലികമായി വെടിനിർത്തൽ കൊണ്ടുവന്നു. എങ്കിലും, സാഹചര്യം മാറുകയാണെങ്കിൽ വീണ്ടും ആക്രമണം തുടരാനുള്ള സാധ്യത ഇസ്രയേലും ഇറാനും നിലനിർത്തിയിട്ടുണ്ട്. ഇറാന്റെയും ഹിസ്ബുള്ളയുടെയും ഭീഷണികളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, ഭാവി തന്ത്രങ്ങളെച്ചൊല്ലി യുഎസും ഇസ്രയേലും തമ്മിൽ നയതന്ത്രപരമായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇസ്രയേലിനെ ഒഴിവാക്കി ഇറാനുമായി ഒരു നയതന്ത്ര ഒത്തുതീർപ്പിനും ട്രംപ് ശ്രമിക്കുന്നുണ്ട്.

ചർച്ചകളെ തടസപ്പെടുത്തുന്ന സൈനിക നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ട്രംപ് നെതന്യാഹുവിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇറാൻ ആക്രമണം നിർത്തിയാൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്താമെന്ന് ഇസ്രയേൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കാതെ അമേരിക്കയുമായി യാതൊരുവിധ സമാധാന കരാറിനും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാനും ഹിസ്ബുള്ളയും വലിയ തോതിൽ ദുർബലപ്പെട്ടുവെന്നും എന്നാൽ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

Source : Mathrubhumi News

1 hour ago

Home Flash News