ആണവായുധ ശേഷിയിൽ പാകിസ്ഥാനെക്കാൾ ബഹുദൂരം മുന്നിൽ;ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നുവെന്ന് സിപ്രി
ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI). സിപ്രി പുറത്തിവിട്ട 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു. ആഗോള സൈനിക ചെലവുകൾ, ആയുധ കൈമാറ്റങ്ങൾ, ആണവശക്തികൾ, 2025-ലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാകിസ്താന്റെ 170 ആണവായുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പക്കൽ 190 ആണവായുധങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നത്.
ഇന്ത്യ-പാക് ആണവ മത്സരം ഇപ്പോൾ ആണവായുധങ്ങളുടെ എണ്ണത്തിൽ പാകിസ്ഥാനേക്കാൾ 20 എണ്ണത്തിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ലോകവ്യാപകമായി ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025-ലും ഇരുരാജ്യങ്ങളും തങ്ങളുടെ ആണവശേഖരം ശക്തിപ്പെടുത്തുന്നതും നവീകരിക്കുന്നതും തുടർന്നുപോന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ ആണവ പദ്ധതികൾ ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധ സംവിധാനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പാകിസ്ഥാനുമായുള്ള ദീർഘകാല ശത്രുത ഇപ്പോഴും ഇന്ത്യയുടെ ആസൂത്രണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ആണവ നവീകരണം, ദീർഘദൂര മിസൈലുകൾ, സായുധ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനങ്ങൾ, സൈബർ ശേഷി എന്നിവ ദക്ഷിണേഷ്യയിലെ സൈനിക മത്സരത്തെ കൂടുതൽ സ്വാധീനിക്കുന്നതായും സിപ്രി ചൂണ്ടിക്കാണിക്കുന്നു.
പ്രതിരോധ ചെലവിലെ വ്യത്യാസങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ലോകത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന അഞ്ചാമത്തെ വലിയ രാജ്യമായി ഇന്ത്യ തുടരുകയാണ്. 2025-ൽ ഇന്ത്യയുടെ പ്രതിരോധ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വർദ്ധിച്ച് 92.1 ബില്യൺ ഡോളറിലെത്തി. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ പോലും പാകിസ്ഥാൻ ഇടംപിടിച്ചിട്ടില്ല. 2021-25 കാലഘട്ടത്തിൽ ആഗോള ആയുധ ഇറക്കുമതിയുടെ 8.2 ശതമാനവുമായി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതി രാജ്യമായി മാറിയപ്പോൾ, 4.2 ശതമാനവുമായി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ പാകിസ്ഥാനേക്കാൾ ഇരട്ടിയിലധികം പ്രമുഖ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതകൾ കഴിഞ്ഞ വർഷം ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കടുത്തിരുന്നു. ഇതിന് മറുപടിയാണ് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. ആണവായുധ ശേഷിയുള്ള ഈ രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ സാധാരണയിൽ കവിഞ്ഞ കടുത്ത സൈനിക പ്രതിസന്ധിയാണ് ഈ ഓപ്പറേഷനിലൂടെ ഉണ്ടായതെന്ന് സിപ്രി റിപ്പോർട്ട് വിശേഷിപ്പിക്കുന്നു. കൂടാതെ, ഇരുരാജ്യങ്ങളും ഒരു സജീവ സൈനിക പോരാട്ടത്തിൽ ആദ്യമായി സൈബർ പ്രവർത്തനങ്ങളെ ഒരുമിച്ച് ചേർത്തതും ഈ കാലയളവിലാണ്.