'പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങും' ബിജെപി വിട്ടതിന് പിന്നാലെ അണ്ണാമലൈയുടെ പ്രഖ്യാപനം
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള തന്റെ രാജി ബിജെപി സ്വീകരിച്ച് മണിക്കൂറുകൾക്കകം, താൻ ഉടൻ തന്നെ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്ന് മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇത് തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു, "ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് വലിയൊരു കാര്യമാണ്," തന്റെ പൊതുജീവിതത്തിലെ യാത്രയെക്കുറിച്ച് അദ്ദേഹം ഓർമിച്ചു. 'യഥാർത്ഥ മാറ്റം കൊണ്ടുവരാൻ കഴിയുന്ന രാഷ്ട്രീയത്തിന്റെ ആവശ്യം' ബിജെപിയിലെ തന്റെ കാലയളവ് ഒരു പ്രധാന അധ്യായമാണെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, "ബിജെപിയിൽ പ്രവർത്തിച്ച ആറ് വർഷത്തെ വലിയൊരു അവസരമായും പഠനാനുഭവമായും ഞങ്ങൾ കണക്കാക്കുന്നു," എന്ന് പറഞ്ഞു. എങ്കിലും, തന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പാർട്ടിയിലെ പങ്കിനപ്പുറം വളർന്നിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. "ഞങ്ങളുടെ ലക്ഷ്യങ്ങൾ ഇപ്പോൾ വളരെ വലുതാണ്. യഥാർത്ഥ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ ആവശ്യകത ഇന്ന് ഉണ്ട്," അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ തുടക്കത്തെക്കുറിച്ച് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു, "എന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കത്തിൽ, കാര്യങ്ങൾ പഠിക്കാനും പരിചയം നേടാനുമായി ഒരു ഇന്റേൺ ആയാണ് ഞാൻ വിജയകാന്ത് രൂപീകരിച്ച പാർട്ടിയിൽ ചേർന്നത്. അതിനുശേഷമാണ് ഞാൻ ബിജെപിക്കൊപ്പം എന്റെ രാഷ്ട്രീയ ജീവിതവും പൊതുസേവന യാത്രയും തുടർന്നത്." സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളിൽ ഒരു മാറ്റം വരണമെന്ന് ആഹ്വാനം ചെയ്ത അണ്ണാമലൈ, രാഷ്ട്രീയം സാധാരണക്കാരനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്നും അർത്ഥവത്തായ മാറ്റം കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു. "വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തിൽ നിന്ന് നമ്മൾ പുറത്തുകടക്കണം. നമുക്ക് ആവശ്യം സാധാരണക്കാരന്റെ രാഷ്ട്രീയമാണ്," അദ്ദേഹം വ്യക്തമാക്കി.